ശ്രീവിദ്യാ സമ്പ്രദായത്തിൽ പ്രചോദിതരായ ഒരു കൂട്ടം സാധകരുടെ ആത്മജ്യോതിസ്സിൽ വിടർന്ന ആദ്ധ്യാത്മിക സാമൂഹിക പദ്ധതികളുടെ പൂർത്തീകരണത്തിനുള്ള സ്ഥൂലദേഹമായി 2005 മെയ് മാസം 30 – ആം തീയതി ശ്രീ യോഗ് സാധനാപഥം നിലവിൽ വന്നു. ഋഷിപ്രോക്തങ്ങളായ വിജ്ഞാനശാഖകളുടെ പഠന മനന ഗവേഷണങ്ങളും പ്രചാരവുമാണ് ലക്ഷ്യം. ഇതിൽ ‘യോഗ’യ്ക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. ബ്രഹ്മതത്വത്തിൻറെ ശാസ്ത്രങ്ങളിൽ പ്രധാനമായ ഒന്നാണ് ‘യോഗം’. സാംഖ്യം, യോഗം, ന്യായം, വൈശേഷികം, പൂർവ്വമീമാംസ, ഉത്തരമീമാംസ (വേദാന്തം) ഇവയാണ് ഷഡ്ദർശനങ്ങൾ. ഇതിൽ യോഗത്തെ സംബന്ധിച്ച സൂത്രങ്ങൾ പതഞ്‌ജലി മഹർഷി നിർമിച്ചതാണ്. മനുഷ്യാത്മാവിനെ മറയ്ക്കുന്ന ആവരണങ്ങൾ ഇല്ലാതാക്കി സമഷ്ടിയുടെ ആത്മാവിൽ (പരബ്രഹ്മത്തിൽ) ചേർന്ന് ഒന്നാവുക എന്നതാണ് യോഗം. ജീവാത്മാ – പരമാത്മ സംയോജനം ആണത്. ‘ യോഗചിശ്ത്ത വൃത്തിനിരോധ: ‘ എന്നാണ് സൂത്രം.ഇന്ദ്രീയങ്ങളുടെ പ്രേരണയാൽ ഉണ്ടാവുന്ന ചിത്തവൃത്തിയെ മനോവ്യാപാരങ്ങളെ – ക്രമേണ ബഹിഷ്കരിച്ചു മനസ്സിന്റെ ശുദ്ധമായ സത്യം നിലനിർത്തുക എന്ന് അർത്ഥം. മനസ്സിന്റെ സമനില ഏതവസ്ഥയിലും നിലനിർത്തുക എന്നതാണ് പ്രായോഗികതലത്തിൽ യോഗത്തിന് അർത്ഥം.
ഗുരു പരമ്പര
ആദ്ധ്യാത്മികം എന്നല്ല ഏതു വിദ്യ പഠിപ്പിച്ച് തരുന്ന ആളിനേയും ഗുരു എന്ന പദത്തിൽ ഉയർത്തി കാണുന്നതാണ് നമ്മുടെ പാരമ്പര്യം. പ്രപഞ്ച സൃഷ്ടികളിൽ വെച്ച് ഏറ്റവും ശ്രേഷ്‌ഠമായത് മനുഷ്യനാണെങ്കിലും പ്രകൃതിയിൽ നിന്ന് ധാരാളം കാര്യങ്ങൾ അവന് പഠിക്കാനുണ്ട്. ആധുനിക ശാസ്ത്ര സാങ്കേതിക വളർച്ച, മനുഷ്യൻ പ്രകൃതിയെ ആഴത്തിൽ പഠിക്കാൻ ശ്രമിച്ചത്തിൻ്റെ ഫലമാണ്. ബാഹ്യമായി ദർശിക്കപ്പെട്ട കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ആധുനികശാസ്ത്രങ്ങൾ വികസിച്ചു എങ്കിൽ, ആന്തരിക ദർശനത്തിന് ഉപയുക്തമാക്കുന്ന വിധത്തിൽ ഭാരതീയ ഋഷി വര്യന്മാർ പ്രപഞ്ചത്തിലെ ഓരോ വസ്തുവിനും അതിൻ്റെ നിലനില്പ്പിന് ആധാരമായ ഒരു ശക്തി വിശേഷമുണ്ടെന്നും ആ ശക്തിവിശേഷത്തിന് ഇളക്കം സംഭവിച്ചാൽ പ്രപഞ്ചത്തിൻ്റെ നിലതന്നെ അപകടത്തിലാകുമെന്നും കണ്ടെത്തുകയുണ്ടായി മനുഷ്യർ വസിക്കുന്ന ഭൂമിയ്‌ക്കും അതിനു ചുറ്റുമുള്ള മറ്റ് ഗ്രഹനക്ഷത്രങ്ങൾക്കും തമ്മിലുള്ള ബന്ധവും അവർ മനസിലാക്കി.വിശാലമായ പ്രപഞ്ചത്തിൻ്റെ തനി പ്രതികത്വം വഹിക്കുന്ന വസ്‌തുവായി മനുഷ്യനെ അവർ കണ്ടെത്തി.

യോഗീശാനന്ദനാഥൻ
( നീലകണ്‌ഠമഹാദേവ ജോഷി )

ഗംഗാനന്ദനാഥൻ
( ശ്രീ. മോഹനൻ )
