അഗ്നിഹോത്രം

ആധുനിക യുഗത്തിൽ അന്തരീക്ഷമലിനീകരണത്തിൻ്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് പറയേണ്ട ആവശ്യകതയില്ല. മണ്ണും കാടും വായുവും ജലവുമെല്ലാം ബീഭത്സകമായ രീതിയിൽ മലിനമായിക്കൊണ്ടിരിക്കുന്നു. ഭൗതികമായ ആവശ്യങ്ങളുടെ ഭോഗപരമായ വളർച്ചയാണ് ഈ ദുരിതാവസ്ഥ സൃഷ്ടിച്ചത്. മനുഷ്യൻ പ്രകൃതിയെ അത്യധികമായ ചൂഷണത്തിന് വിധേയമാക്കുന്നു. ഇങ്ങനെപോയാൽ ആഗോളതാപനം വർദ്ധിക്കും. പ്രകൃതിയുടെ നിലനിൽപ്പുതന്നെ അവതാളത്തിലാകും.

ഈ പ്രപഞ്ചത്തിൻ്റെ സന്തുലിതാവസ്ഥയെ നിലനിർത്തി ജീവിതം സുഭഗമായി തുടരാൻ സൃഷ്ടിയിൽ സർവ്വത്ര യജ്ഞം നടക്കുന്നു. സൂര്യൻ്റെ ചൂടും ചന്ദ്രൻ്റെ പ്രകാശവും വായുവിൻ്റെ ഗമനവും ജലത്തിൻ്റെ പ്രവാഹവും യജ്ഞമാണ്. ഇത്പോലെ ഈ സൃഷ്ടിയിലെ അംഗമായ മനുഷ്യനും കർമ്മങ്ങൾ ചെയ്യുന്നതിന് പുറമെ അചേതന വസ്തുക്കളനുഷ്ഠിക്കുന്ന യജ്ഞത്തിൻ്റെ സുഖകരമായ നടത്തിപ്പിന് ആ ദേവതകളെ സഹായിക്കുന്നതിന് വേണ്ടി നടത്തുന്ന യജ്ഞമാണ് അഗ്നിഹോത്രം. പ്രകൃതിയിലെ ജലവും വായുവും ശുദ്ധീകരിക്കുന്നതോടൊപ്പം മനുഷ്യൻ്റെ ഹൃദയത്തെയും ശുദ്ധീകരിക്കുക എന്നതാണ് അഗ്നിഹോത്രത്തിൻ്റെ ലക്‌ഷ്യം. പരിസര ശുദ്ധിക്ക് അനിവാര്യമായി അനുഷ്ഠിക്കേണ്ട ഒന്നായാണ് അഗ്നിഹോത്രത്തെ പൗരാണിക ഭാരതീയർ കണ്ടത്. പ്രകൃതിയോടുള്ള കടമ നിർവഹിക്കലാണത്. രാവിലെയും വൈകുന്നേരവും ചെയ്തുപോന്ന പഞ്ചമഹായജ്ഞങ്ങളിൽ ഒന്നായ അഗ്നിഹോത്രത്തെ ദേവയജ്ഞം എന്നു വിളിക്കുന്നു.

അന്തരീക്ഷശുദ്ധിക്കും ആരോഗ്യത്തിനും യജ്ഞം, പുകയ്ക്കൽ, ഔഷധസസ്യം വെച്ച് പിടിപ്പിക്കൽ എന്നീ മൂന്നു മാർഗ്ഗങ്ങൾ ഉണ്ടെന്നും ചരകൻ ഇന്ദ്രീയസ്ഥാനത്ത് വിശദീകരിച്ചിട്ടുണ്ട്. അന്തരീക്ഷശുദ്ധിയും ആദ്ധ്യാത്മിക ഉന്നതിയുമാണ് യജ്ഞയാഗാദികളുടെ പരമമായ ലക്ഷ്യം.

സൂര്യൻ, ചന്ദ്രൻ, വായു, അഗ്നി എന്നീ ജഡദേവതകളെ പുഷ്ടിപ്പെടുത്തി സംപുഷ്ടിയും സന്തുഷ്ടിയുമുള്ള ജീവിതം ഉണ്ടാക്കുകയാണ് യജ്ഞങ്ങളുടെയും യാഗങ്ങളുടെയും ലക്ഷ്യം. ദേവകൾ പുഷ്ടിപ്പെടുമ്പോൾ അവ നമ്മെയും പുഷ്ടിപ്പെടുത്തും. ഇങ്ങനെ പരസ്പരം ഉന്നതിതേടി പരമമംഗളം നേടാമെന്ന് ഭഗവത്ഗീതയും പറയുന്നു.

ഉഷ സന്ധ്യയിലും സായംസന്ധ്യയിലുമാണ് അഗ്നിഹോത്രം ചെയ്യണ്ടത്. അഗ്നിഹോത്രക്കുപയോഗിക്കുന്ന ഹവന പദാർത്ഥങ്ങൾ പശുവിൻചാണകവരളിയും ശുദ്ധമായ പശുവിൻ നെയ്യുമാണ്. സായംസന്ധ്യയിൽ ഹോമിക്കുന്ന ദ്രവ്യം രാവിലെ വരെ വായുവിനെ പരിശുദ്ധമാക്കി സുഖം പ്രധാനം ചെയ്യുന്നു. രാവിലെ അഗ്നിയിൽ ഹോമിക്കുന്ന ഹോമദ്രവ്യം സായാഹ്നം വരെ വായുവിനെ ശുദ്ധി ചെയ്ത് ബലം, ബുദ്ധി, ആരോഗ്യം എന്നിവ ഉണ്ടാക്കുന്നു. അതിനാൽ രാത്രിയും പകലും സന്ധിക്കുന്ന സന്ധ്യകളിൽ ഈശ്വരനെ ധ്യാനിക്കുകയും അഗ്നിഹോത്രം ചെയ്യുകയും വേണം.

അഗ്നിഹോത്രയിലുപയോഗിക്കുന്ന ചാണക വരളിയിലടങ്ങിയിരിക്കുന്ന മെന്തോൾ, അമോണിയ, ഫിനോൾ, ഫോർമാലിൻ തുടങ്ങിയവ ബാക്‌ടീരിയയെ നശിപ്പിച്ച് രോഗം വരാതെ സൂക്ഷിക്കുന്നു. ആണു പ്രസരണം തടയുവാനുള്ള ശേഷിയും ചാണകത്തിനുണ്ട്. ചാണകവരളി കത്തുമ്പോഴുണ്ടാകുന്ന പുക ശ്വാസകോശ സംബന്ധമായ തകരാറുകൾ മാറ്റുനതിനു കഴിവുള്ളതായി കണ്ടുപിടിച്ചിട്ടുണ്ട്.

യജ്ഞാഗ്നിയിൽ ഹവിസ്സ് അർപ്പിച്ചു കഴിഞ്ഞാൽ പശുവിൻ നെയ്യ് അസറ്റലിൻ എന്ന രാസവസ്തു ഉല്പാദിപ്പിക്കും. ഇത് മലിനമായ വായുവിനെ ആവരണം ചെയ്ത് ശുദ്ധമാക്കും. നെയ്യ് തീയിൽ വീഴുമ്പോൾ ഉണ്ടാകുന്ന ഗന്ധം മാനസിക പിരിമുറുക്കങ്ങളെ അകറ്റുകയും ചെയ്യും. മാനസിക പിരിമുറുക്കം മൂലമുണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും ശാശ്വതപരിഹാരം തുടർച്ചയായി അഗ്നിഹോത്രം അനുഷ്ഠിക്കുമ്പോഴുണ്ടാകുമെന്ന് പ്രാചീന ഋഷിമാർ വിശ്വസിച്ചിരുന്നു.

ഹോമം നടക്കുമ്പോഴുണ്ടാകുന്ന സുപ്രധാനമായ ഉല്പന്നമാണ് ഫോർമാൽഡിഹൈഡ്. ഫോർമാൽഡിഹൈഡിന് അന്തരീക്ഷ ശുദ്ധീകരണത്തിന് അനന്തസാധ്യതകളാണുള്ളത്. ഇത് വീടിനകത്തുള്ള പൊടിപടലങ്ങളെ നിർമ്മാർജ്ജനം ചെയ്ത് പലതരത്തിലുള്ള രോഗാണുക്കളെ നശിപ്പിക്കുന്നു. അസറ്റിക് ആസിഡ്, ഫോമിക് ആസിഡ്, പൈറോലിജിനസ് ആസിഡ്, പ്രൊപിയോണിക് ആസിഡ് തുടങ്ങിയ പല രാസവസ്തുക്കളും ഹോമാഗ്നിയിൽ നിന്നും രൂപം കൊള്ളുന്നുണ്ട്.ഇവയെല്ലാം തന്നെ വീടുകളെ അണുബാധാരഹിതമായി സൂക്ഷിക്കുന്നതിനും ചെടികളെയും ഫലങ്ങളെയും ജൈവാണുക്കളുടെ ആക്രമണത്തിൽ നിന്നും രക്ഷിക്കുന്നതിനും വളരെ പ്രതിരോധശക്തിയുള്ള സൂക്ഷ്മമായ പല അണുക്കളെ ഹനിക്കുന്നതിനും കഴിവുള്ളവയാണ്.

രാവിലെ സൂര്യനുദിക്കുന്ന കിഴക്കുദിക്കിൽ അതിശക്തമായ വൈദ്യുതശക്തികൾ നിറയുന്നു. അഗ്നിഹോത്രം ഈ സമയത്ത് ചെയുമ്പോൾ സൗരയുഥത്തിൽ നിന്നുള്ള ജീവസന്ധായകങ്ങളായ ജീവകങ്ങളുടെ പ്രവാഹത്തെ ആകർഷിക്കുവാൻ കാരണമാകുന്നു. അഗ്നിഹോത്രം ഈ ശക്തികളെ ആകർഷിച്ച് യജ്ഞത്തിൻ്റെ പരിസരങ്ങളിലും മനുഷ്യരിലും സസ്യജാലങ്ങളിലും ഊർജ്ജപ്രഭാമണ്ഡലം രൂപവത്കരിക്കപ്പെടുന്നു. ഇത് കാരണം രോഗമില്ലാത്ത ഒരു അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു. മനഃശാന്തിയും സന്തുഷ്ടിയും ഉണ്ടായിവരുന്നു. ഈ വിധ കാരണങ്ങൾ കൊണ്ട് അഗ്നിഹോത്ര പരിശീലനവും സാധനാപഥം നടത്തിവരുന്നു.