നാടൻ പാചകരീതി

ഭക്ഷ്യവസ്തുക്കളെ രുചികരമായ ആഹരമായി മാറ്റുന്ന സമ്പ്രദായമാണ് പാചകം. പുരാതന മനുഷ്യൻ യാദൃശ്ചികമായി കാട്ടുതീയിൽ വെന്തുകിട്ടിയ കിഴങ്ങുകളുടെ രുചിയറിഞ്ഞപ്പോൾ പാചകകലയുടെ ആദ്യപാഠം സ്വായത്തമാക്കി. ക്രമേണ ഈ വിദ്യ പുരോഗമിച്ച് ഓരോ വിഭവത്തിനും ഓരോ സ്ഥലത്തുള്ളവർ പ്രശസ്തരായി. ഇന്ത്യൻ ഭക്ഷണങ്ങൾ പൊതുവെ സ്വാദിഷ്ടങ്ങളാണ്. വ്യഞ്ജനങ്ങളുടെയും സുഗന്ധദ്രവ്യങ്ങളുടെയും മസാലകളുടെയും മണവും ഗുണവും രുചിയും ഇന്ത്യയുടെ പ്രത്യേകതയാണ്. വിദേശികളെ ഇന്ത്യയിലേക്കു ആകർഷിച്ചിരുന്ന പല സാധനങ്ങളുടെ കൂട്ടത്തിൽ ഇവയും ഉൾപ്പെട്ടിരുന്നു. കുരുമുളക്, ഇഞ്ചി, മഞ്ഞൾ, പച്ചമുളക്, കറിവേപ്പില, ഉള്ളി, ഉലുവ, കടുക്, ജീരകം, ഗ്രാമ്പു, ഏലക്ക, ജാതിക്ക എന്നിങ്ങനെ പലവസ്തുക്കളെയും പാചകത്തിനുപയോഗിക്കുന്നു. ഇത്തരം വസ്തുക്കളെ ഉചിതമായ പാകത്തിൽ ചേർത്താണ് പല വിഭവങ്ങളും ഉണ്ടാക്കുന്നത്.

പാചകകലയിലെ നിപുണത പരമ്പരാഗതമായി പല കുടുംബക്കാർക്കും ഉണ്ടായിരുന്നു. പുരാണങ്ങളിലെ നളൻ, ഭീമസേനൻ എന്നിവർ വിശിഷ്ട പാചകത്തിന് പേരുകേട്ടവരാണ്.

വിശേഷദിവസങ്ങളിൽ പ്രത്യേകതരം ഭക്ഷണങ്ങൾ (തിരുവാതിരക്ക്‌ കൂവ, ഏകാദശിക്ക് പുഴുക്ക്, ഓണത്തിന് പഴനുറുക്ക്, അഷ്ടമിരോഹിണിക്ക് അപ്പം, തൃക്കാക്കര അപ്പന് അട) ഉണ്ട്. സദ്യവട്ടങ്ങൾക്ക് പായസം, ചതുർവിഭവങ്ങൾ എന്നിവ പ്രധാനമാണ്. കാളൻ, ഓലൻ, എരിശേരി, അവിയൽ, പച്ചടി, കിച്ചടി, സാമ്പാർ, പപ്പടം, ഉപ്പേരി, പഴം, ഇഞ്ചിതൈര്, ഉപ്പിലിട്ടത് എന്നിവയാണ് പ്രധാന കേരളീയ വിഭവങ്ങൾ, കൈക്കുത്തരികൊണ്ടുള്ള കഞ്ഞിയും, ചമ്മന്തിയും, പുഴുക്കും ആണ് കേരളത്തിൽ പൊതുവെ സ്വീകരിച്ചിരുന്നത്. മത്സ്യമാംസാദികൾ എണ്ണയും മസാലയും ചേർത്തുണ്ടാക്കുന്ന വിഭവങ്ങളും ഇന്ത്യയൊട്ടാകെ ഉപയോഗിച്ചുവരുന്നു.

പാചകവിദ്യയിൽ വന്ന പരിഷ്‌ക്കാരങ്ങൾ പുതിയതരം പാത്രങ്ങളുടെയും ഉപകരണങ്ങളുടെയും നിർമ്മാണത്തിന് വഴിയൊരുക്കി. അമ്മി, ആട്ടുകല്ല്, തിരികല്ല്, ഉരൽ, ഉലക്ക, ചട്ടികൾ. കലങ്ങൾ, ചീനച്ചട്ടി, ഓട്ടുപാത്രം, ഉരുളികൾ, ചെമ്പ്, ചിരവ എന്നിങ്ങനെയുള്ള സാമഗ്രികൾ ഗൃഹോപകരണങ്ങളായി തീർന്നു. അടുക്കളയിലെ അടുപ്പുകളിൽ എളുപ്പം കിട്ടുന്ന വിറകുകൾ ഉപയോഗിച്ചു. അടുത്തകാലത്ത് പുകയില്ലാത്ത ചൂള, ഗ്യാസടുപ്പുകൾ, വൈദ്യുത ഓവൻ എന്നിവ പ്രചാരത്തിലായി.

പാശ്ചാത്യരുടെ പാചകരീതിയും ആഹാരശൈലിയും ഇന്ത്യയൊട്ടാകെ അനുകരിക്കാൻ തുടങ്ങിയതോടെ ഭാരതീയരുടെ ആരോഗ്യവും ആയുസ്സും അപകടത്തിലായി. ആരോഗ്യരംഗം നേരിടുന്ന ഈ കടുത്ത വെല്ലുവിളികളെ അതിജീവിക്കാനായി ശ്രീയോഗ് സാധനാപഥം നാടൻഭക്ഷണരീതിയും പാചകരീതിയും തിരികെ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നു. നല്ല ഭക്ഷണം നല്ല മരുന്നാണ് എന്ന് ജനങ്ങളെ ബോധവത്കരിച്ച് കൊണ്ട് തനത് പാചകകല പ്രചരിപ്പിക്കുന്നതിനായി ഗ്രാമങ്ങൾതോറുമുള്ള പാചകവിദഗ്‌ധരെ കണ്ടെത്തി നല്ല പാചകം വീട്ടമ്മമാർക്കും യുവതലമുറക്കും പകർന്നു കൊടുക്കുന്നതിനുള്ള പാചകക്ലാസ്സുകൾ സഘടിപ്പിക്കുന്നു.