ഇംഗ്ലീഷ് ഭാഷാ പരിശീലനവും ലൈബ്രറിയും

അജ്ഞാനമാണ് സകലവിധ പ്രശ്നങ്ങൾക്കും ക്ലേശങ്ങൾക്കും കാരണം. ധാരാളം ഗുണങ്ങൾ സോഷ്യൽ മീഡിയക്ക് ഉണ്ടെങ്കിലും അവയുടെ തിന്മവശങ്ങളാണ് സമൂഹത്തെ കൂടുതലായി സ്വാധീനിക്കുന്നത്. ഈവിധ മാധ്യമങ്ങളിൽ പ്രചരിക്കുന്ന തെറ്റായ സന്ദേശങ്ങൾ വ്യക്തിയുടെയും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും അധഃപതനത്തിനാണ് വഴിതെളിക്കുന്നത്. സോഷ്യൽ മീഡിയയുടെ കടന്നു കയറ്റം മൂലം വായനാശീലം വിദ്യാർത്ഥികളുടെ മാത്രമല്ല മുതിർന്നവരുടെ ഇടയിൽ നിന്നുപോലും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. പുതിയ കലാസാഹിത്യ സാംസ്കാരിക സൃഷ്ടികൾ രൂപപ്പെടുത്തുന്നതിന് വ്യക്തികൾ പരാജയപ്പെടാനും വ്യക്തിത്വം നഷ്ടപ്പെടാനും വായനാശീലക്കുറവ് കാരണമാണ്. അതിനാൽ ഇപ്രകാരമുള്ള ഇരുട്ടിലേക്ക് വെളിച്ചം വീശുന്ന ഭൗതികവും ആദ്ധ്യാത്മികവുമായ ഗ്രന്ഥങ്ങൾ കുറച്ചെങ്കിലും ദിവസവും വായിക്കുന്നത് ഏറെ പ്രയോജനം ചെയ്യും. ഈ ആശയം സഫലീകരിക്കുന്നതിനായി ഒരു പബ്ലിക് ലൈബ്രറി സ്ഥാപിക്കുന്നതിനും സാധനാപഥം ആസൂത്രണം ചെയ്യുന്നുണ്ട്. സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി പാഠ്യ പാഠ്യേതര വിഷയങ്ങളിലുള്ള പുസ്തകങ്ങൾ സൗജന്യമായി വിശകലനം ചെയ്യുന്നതിനുള്ള അവസരം ഈ ലൈബ്രറിയിൽ ഒരുക്കുന്നതാണ്. കൂടാതെ ഭൗതികവും ആദ്ധ്യാത്മികവുമായ ഏതൊരു വിഷയത്തിലും അറിവുനേടാൻ ആഗ്രഹിക്കുന്ന പൊതുസമൂഹത്തിന് ഉപയോഗപ്രദമാകത്തക്ക രീതിയിൽ ഉള്ള സൗകര്യങ്ങളും ഈ ലൈബ്രറിയിൽ സജ്ജീകരിക്കുന്നതിനും ആലോചിക്കുന്നു. ഇങ്ങനെ വ്യക്തികളുടെ വായനാശീലം വളർത്തി വ്യക്തിത്വവികസനം ഉണ്ടാക്കുന്നതിനുള്ള പദ്ധതികൾ ലൈബ്രറി കേന്ദ്രീകരിച്ച് നടപ്പിലാക്കുന്നതാണ്.

ഇംഗ്ലീഷ് മീഡിയവും സെൻട്രൽ സിലബസും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന നൂറുകണക്കിന് സ്‌കൂളുകൾ കേരളത്തിലുണ്ടെങ്കിലും ഇംഗ്ലീഷ് ഭാഷ നന്നായി ഉപയോഗിക്കുന്നതിനുള്ള പരിജ്ഞാനക്കുറവുമൂലം വിദ്യാഭ്യാസ മേഖലയിലും തൊഴിൽ സമ്പാദന മേഖലയിലും വിദ്യാർത്ഥികൾ പിറകോട്ടാകുന്ന അവസ്ഥയാണുള്ളത്. ഈ പ്രശനം പരിഹരിക്കുന്നതിനായി നിലവിലുള്ള എല്ലാ പൊതുമേഖലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സൗജന്യമായി ഇംഗ്ലീഷ് ഭാഷാ പഠനം നടത്തുന്നതിനും സാധനാപഥം ലക്ഷ്യമിടുന്നു. നിലവിലുള്ള ഈ പദ്ധതി കൂടുതൽ വിപുലീകരിക്കുന്നതിനും ആവശ്യപ്പെടുന്ന എല്ലാ സ്‌കൂളുകളിലും വിദ്യാർത്ഥികൾക്കും സൗജന്യമായി ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും നടത്തിവരുന്നു. ലൈബ്രറി കേന്ദ്രീകരിച്ച് ഈ പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.