ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തിൻ്റെ ആവിർഭാവത്തോടെ ഭാരതത്തിൽ കായിക വിദ്യാഭ്യാസവും ആരംഭിച്ചു. രാജ്യഭരണവും രാജ്യരക്ഷയും തങ്ങളുടെ കടമയും ചുമതലയുമായി കരുതിയിരുന്ന ക്ഷത്രിയർ പലവിധത്തിലുള്ള സൈനിക പരിശീലനങ്ങളും ധനുർവിദ്യയും അഭ്യസിച്ചിരുന്നു. വുഡ്‌സ് റിപ്പോർട്ടിൻ്റെ (1854) അടിസ്ഥാനത്തിലാണ് ബ്രിട്ടീഷ് ഭരണത്തിൽ കായികവിദ്യാഭ്യാസത്തിന് സ്ഥാനമുണ്ടായത്.
ശാരീരിക വികാസത്തിന് പ്രാധാന്യം നൽകുന്ന ഒരു കായിക വിദ്യാഭ്യാസ സമ്പ്രദായമാണ് ഇന്ന് ഇന്ത്യയിൽ നിലവിലുള്ളത്. വ്യക്തിയുടെ മൊത്തത്തിലുള്ള കഴിവുകളുടെ വികാസമാണ് കായികവിദ്യാഭ്യാസത്തിലൂടെ ആർജ്ജിക്കേണ്ടത്. ശാരീരികശേഷി മെച്ചപ്പെടുത്തുന്നതോടൊപ്പംതന്നെ വിദ്യാർത്ഥികളുടെ ബുദ്ധിവികാസത്തിനും വ്യക്തിത്വ രൂപവൽക്കരണത്തിനും കായികപരിശീലനം പ്രയോജനപ്പെടുത്തേണ്ടതുണ്ട്. സ്ഥിരോത്സാഹം, ഒത്തൊരുമ, നേതൃത്വവൈഭവം, നിയമങ്ങളോടുള്ള അനുസരണ, മാനസിക സന്തുലിതാവസ്ഥ തുടങ്ങിയ ഗുണങ്ങൾ ശരിയായ രീതിയിലുള്ള കായികപരിശീലന പദ്ധതിവഴി വളർത്തിയെടുക്കാൻ കഴിയും.
കായിക വിദ്യാഭ്യാസ പരിപാടികളെ പ്രധാനമായും മൂന്നായി തരാം തിരിക്കാം.
1) കായികവിനോദം: ഫുട്ബോൾ, വോളിബോൾ, ബാസ്‌ക്കറ്റ് ബോൾ, ക്രിക്കറ്റ്, ഹോക്കി, ടെന്നീസ്, ചെസ്സ്, ക്യാരംസ് തുടങ്ങിയവ.
2) കായികാഭ്യാസം: നടത്തം, ഓട്ടം, ചട്ടം, ഡിസ്‌ക്കസ്ത്രോ, ജാവലിൻത്രോ, ഹാമർത്രോ, നീന്തൽ തുടങ്ങിയവ.
3) വ്യായാമമുറകൾ: ഗുസ്തി, ഭാരദ്വഹനം തുടങ്ങിയവ.
കേരളത്തിൻ്റെ പുരാതന കായിക വിദ്യാഭ്യാസ കേന്ദ്രങ്ങളായിരുന്ന കളരികളിൽ പല വിദ്യകളും അഭ്യസിപ്പിച്ചിരുന്നു. ഇന്നും ഈ കളരികൾ കുറച്ചൊക്കെ പ്രവർത്തിക്കുന്നു. ആധുനികരീതിയിലുള്ള കായികപരിശീലന പദ്ധതികൾ ആദ്യമായി കേരളത്തിൽ ആരംഭിച്ചത് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലാണ്.
പ്രായം, ശാരീരികവും മാനസികവുമായ വളർച്ച, ആരോഗ്യനില എന്നിവ കണക്കിലെടുത്ത്കൊണ്ടാണ് കായികപരിശീലന പദ്ധതികൾ ആവിഷ്കരിക്കേണ്ടത്. പ്രീ പ്രൈമറി തലത്തിലുള്ള ശിശുക്കൾക്ക് നൽകുന്ന കായിക പരിശീലനം ഇന്ദ്രിയങ്ങളുടെ ശരിയായ വികാസത്തിനുതകുന്നതും ശാരീരികാവയവങ്ങളുടെ ചലനങ്ങളെ ഏകോപിപ്പിക്കുന്നതും ആയിരിക്കണം. ശരിയായ രീതിയിൽ നടക്കാനും ഓടാനും എറിയാനുമുള്ള കഴിവ് ഈ കാലഘട്ടത്തിൽ ആർജ്ജിക്കേണ്ടതുണ്ട്. ഇതിനായി അംഗൻവാടികൾ, പ്രീ പ്രൈമറി സ്‌കൂളുകൾ, കല – സാംസ്‌കാരിക സംഘടനകൾ എന്നിവയുമായി സഹകരിച്ച് ഈ പ്രായത്തിലുള്ള കുട്ടികൾക്കുള്ള പരിശീലന പരിപാടികൾ സാധനാപഥം സൗജന്യമായി നടത്തി വരുന്നു. കൂടാതെ ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങളെ കായികാഭ്യാസങ്ങൾ പരിശീലിപ്പിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ മാതാപിതാക്കളെ ധരിപ്പിക്കുന്നതിനായുള്ള ബോധവൽക്കരണ പരിപാടികളും നടന്നുവരുന്നു.
സ്‌കൂൾ,കോളേജ്, വിദ്യാർത്ഥികളും യുവാക്കളും പ്രത്യേകിച്ച് പെൺകുട്ടികൾ കായികപരിശീലനം അഭ്യസിച്ചിരിക്കേണ്ടത് ഈ കാലഘട്ടത്തിൻ്റെ ആവശ്യമായി മാറിയിരിക്കുന്നു. വർദ്ധിച്ചുകൊണ്ടിരിക്കുന്ന സ്ത്രീപീഡനങ്ങൾ തടുക്കാൻ കായികപരിശീലനം പെൺകുട്ടികളെ പ്രാപ്തരാക്കുന്നു. പല സ്‌കൂളുകളുടെയും സാമ്പത്തികഭദ്രത കുറവ് കായിക പരിശീലനം യഥാവിധി നടത്തുന്നതിൽനിന്നും സ്‌കൂൾ അധികൃതരെ പിന്തിരിപ്പിക്കുന്നു. ഇതുമൂലം താല്പര്യമുള്ള ധാരാളം കുട്ടികൾക്ക് കായികപരിശീലനത്തിനുള്ള അവസരവും നഷ്ടപ്പെടുന്നു. ഈ സാഹചര്യം മനസ്സിലാക്കി സ്‌കൂളുകൾതോറും സർവ്വേ നടത്തി കായിക വിനോദവും അഭ്യാസവും വ്യായാമമുറകളും പഠിക്കാൻ താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി വിദഗ്ധാരായ പരിശീലകരെകൊണ്ട് ഓരോ അധ്യയന വർഷവും ക്‌ളാസ്സുകൾ നടത്തുന്നതിനും സാധനാപഥം പദ്ധതിയിടുന്നു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ധാരാളം കുട്ടികൾ നല്ല പരിശീലനം ലഭിക്കാതെ ഈ രംഗത്തുനിന്നും പിന്തള്ളപ്പെടുന്ന കാഴ്ച്ച നാം കാണാറുണ്ട്. ഇങ്ങനെയുള്ളവരെ സാമ്പത്തിക സഹായം നൽകി സ്പോർട്സ് കൗൺസിലിനു കീഴിലുള്ള സ്‌കൂളുകളിൽ അയച്ച പഠിപ്പിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. ഈ പദ്ധതിയുടെ വിജയത്തിലൂടെ വ്യക്തിയുടെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ഉയർച്ച നേടിയെടുക്കാമെന്നതിന് സംശയമില്ല.