പ്രകൃതിയിൽ തമോഗുണം അകന്ന് സാത്വികഗുണം ഉദയം ചെയുന്ന സമയമാണ് ബ്രാഹ്മമുഹൂർത്തം. ഈ സമയത്തെ സ്നാനത്തിന് അനുഷ്ഠാന ശാസ്ത്രങ്ങളും വൈദ്യശാസ്ത്രവും അതീവ പ്രാധാന്യം കല്പിക്കുന്നു. ബ്രാഹ്മ മുഹൂർത്തത്തിൽ ഉണർന്ന് സ്‌നാനാദി നിത്യകർമ്മങ്ങൾ നടത്തിക്കഴിയുമ്പോൾ നാം ബാഹ്യശുദ്ധി കൈവരിക്കുന്നു.തുടർന്ന് നടത്തുന്ന അനുഷ്ഠാനങ്ങളിലൂടെ മനസ്സും നിർമ്മലമാകും. വ്രതസ്‌നാനവും പ്രാർത്ഥനയും നിർവഹിക്കുന്നവർക്ക് ആയുസ്സ്, ഐശ്വര്യം, ബുദ്ധി, ആരോഗ്യം, മനഃശുദ്ധി, മനോബലം, തേജസ്സ് എന്നിവയൊക്കെ കൈവരുന്നു.
ശരീരത്തിലെ സപ്‌തധാതുക്കളുടെ ആധിപത്യം ഓരോ ഗ്രഹങ്ങൾക്കുമായി വിധിച്ചിട്ടുണ്ട്. സൂര്യൻ – അസ്ഥി, ചന്ദ്രൻ – രക്തം, ചൊവ്വ – അസ്ഥിമജ്ജ, ബുധൻ – ത്വക്ക്, വ്യാഴം – വസ, ശുക്രൻ – ശുക്ലം, ശനി – സ്‌നായു എന്നിങ്ങനെയാണ് ആ വിധികൾ. ഇവയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ ശാന്തിക്കും, രോഗപ്രതിരോധ ശേഷിക്കും അതാത് ഗ്രഹങ്ങൾക്ക് വിധിച്ചിട്ടുള്ള ഔഷധങ്ങൾ ചേർത്ത വെള്ളത്തിൽ കുളിക്കുന്നത് ഉത്തമമാണ്. ഇതാണ് ഔഷധസ്നാനം. ഓരോ ഗ്രഹങ്ങളുടെയും ശാന്തിക്കായി ചില പ്രത്യേക ഔഷധങ്ങൾ വിധിച്ചിട്ടുണ്ട്. ഇവ ഇട്ടുതിളപ്പിച്ച വെള്ളത്തിൽ സ്നാനം ചെയുന്നത് ഗ്രഹദോഷശാന്തിക്ക് ഉത്തമമാണ്. ഗുരുക്കന്മാരിൽനിന്നും പാരമ്പര്യമായി പകർന്നുകിട്ടിയ സിദ്ധ എണ്ണയും ഔഷധസ്നാനത്തിനായി ഉപയോഗിച്ചുവരുന്നു. സാധനാപഥത്തിൽ യോഗചികിത്സക്കും അനുഷ്ഠാനങ്ങൾ പഠിക്കുന്നതിനും എത്തുന്നവർക്ക് ഔഷധസ്നാനം നടത്താറുണ്ട്. ഓരോ ഗ്രഹങ്ങൾക്കും വിധിച്ചിട്ടുള്ള ഔഷധക്കൂട്ട് ഇട്ട് തിളപ്പിച്ചാറിയ വെള്ളത്തിൽ സൂര്യോദയത്തിനു അസ്തമയത്തിനു മുമ്പ് സ്‌നാനം ചെയ്തതിനുശേഷം നടത്തുന്ന അനുഷഠാനങ്ങളിലൂടെ ശാരീരികവും, മാനസികവും, ആത്മീയവുമായ ഉണർവുണ്ടാക്കുന്നതായി അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.
ഔഷധ സ്‌നാനം മറ്റൊരു രീതിയിലും നടത്താറുണ്ട്. ഒരു ഗ്രഹം പിഴച്ചുനിൽക്കുമ്പോൾ അതിനു വിധിച്ചിട്ടുള്ള ഔഷധങ്ങൾ ആറുകഴഞ്ച് എടുത്ത് പൊടിച്ച് വെള്ളത്തിലിട്ട് ആ ജലം ഒരു കലാശത്തിലാക്കി ആ കലശം യോഗ്യനായ ഒരു പുരോഹിതനെക്കൊണ്ട് പൂജിച്ച ആടുക. ഈശ്വരാരാധകർക്ക് വളരെ ഗുണം ഇതിലൂടെ ലഭിക്കുമെന്ന് ഉറപ്പാണ്.