അണയാത്ത ഹോമാഗ്നി

ഋഗ്വേദത്തിലെ ദേവൻമാരിലൊന്നായ അഗ്നിയാണ് ദേവന്മാർക്ക് വേണ്ടി ഹവിസ് സ്വീകരിക്കുന്നത്. വേദങ്ങളേയും ശ്രൗതശാസ്ത്രങ്ങളെയും പ്രമാണമാക്കി അനുഷ്ഠിക്കുന്ന കർമ്മമാണ്‌ യജ്ഞം (യാഗം). പ്രകൃതിയിലെ സൂക്ഷ്മ ശക്തികൾ മനുഷ്യനനുകൂലമായി മാറുന്നതിനും ശരീരമനോബുദ്ധികളുടെ വികാസത്തിനും വേണ്ടിയാണു യജ്ഞം ചെയുന്നത്. സ്വർഗത്തെ ലക്ഷ്യമാക്കുന്ന (എപ്പോഴും മുകളിലേക്കു ജ്വലിക്കുന്ന) അഗ്നി അതിൽ അർപ്പിക്കപ്പെടുന്ന വസ്തുക്കളെ ഈശ്വരനിൽ എത്തിക്കുന്ന ഒരു ദൂതനാണ്. യജിക്കുക എന്നതിന് പൂജിക്കുക, വൈദിക കർമ്മം ചെയ്യുക എന്നർത്ഥം. യാഗം ചെയ്യുന്നവന് യജ്ഞകൃത്ത് എന്നും അത് ആർക്ക് വേണ്ടി ചെയ്യുന്നുവോ അയാളെ യജമാനൻ എന്നും പറയും. എല്ലാ യാഗത്തിലും ആരാധനാപുരുഷൻ വിഷ്ണുവാണ്. അഗ്നി യജ്ഞമൂർത്തിയാണ്. യജിക്കുന്ന വസ്തുവിന് ദ്രവ്യം എന്നും ആർക്ക് സമർപ്പിക്കുന്നുവോ ആ മൂർത്തിക്ക് ദേവത എന്നും പറയും.

യാഗശാലാ പറമ്പിലെ ഹോമാഗ്നിയിലൂടെയാണ് നാം എക്കാലവും ഹോമാഗ്നിയുടെ മഹത്വം തിരിച്ചറിഞ്ഞിട്ടുള്ളത്. ഗരുഡഹോമത്തറയിൽ അതിരാത്രാഗ്നികൾ വാനോളം ഉയരുമ്പോൾ, ഹവിസുകൾ ഒന്നൊന്നായി അഗ്നിയിൽ അർപ്പിക്കുമ്പോൾ യാഗശാല അപ്പാടെ അഗ്നിദേവൻ ഭുജിക്കുമ്പോൾ, മാനത്ത് പേമാരി ഉണർന്ന് തിമിർത്താടുമ്പോൾ ഒരു മഹത്പാരമ്പര്യത്തിൻ്റെ ചിറകുകൾ ഉയർന്നടിക്കുന്നത് നാം ഈ ഭാരത മണ്ണിൽ പലവട്ടം കേട്ടിട്ടുണ്ട്. ഇതേ ചിറകടി കേട്ട് നമ്മുടെ നാട്ടിൽ എത്തിച്ചേരുകയും ഈ ചിറകടിക്കൊപ്പം അഞ്ജലീബദ്ധരായി നിന്നിരുന്ന അനവധി പാശ്ചാത്യ ശാസ്ത്രജ്ഞരേയും നാം എത്ര കണ്ടിരിക്കുന്നു.

ശ്രീയോഗ് സാധനാപഥത്തിലെ നിത്യവും ജ്വലിച്ചുകൊണ്ടിരിക്കുന്ന ഹോമാഗ്നി ഭാരതഭൂമിക്ക് അഭിമാനമാണ്. അനാദിയും അനന്തവുമായ സനാതനധർമ്മത്തിൽ ഒരു ശാസ്ത്രശാഖയും ഗുരുപാരമ്പരയിലൂടെയല്ലാതെ താഴോട്ട് വന്ന് ചേർന്നിട്ടില്ല. ആദിഗുരു സദാശിവനിൽ നിന്നും ആരംഭിച്ച് ശ്രേഷ്ഠരായ ഋഷീശ്വരന്മാരിലൂടെ പകർന്ന് പകർന്ന് ഇന്നും നിലനിൽക്കുന്ന ഗുരുശിഷ്യ ബന്ധങ്ങളുടെ വരദാനമാണ് ശ്രീയോഗ് സാധനാപഥത്തിൽ നിത്യവും ജ്വലിച്ചുകൊണ്ടിരിക്കുന്ന ഹോമാഗ്നി. ഇതിൽ അധിവസിക്കുന്നത് ശ്രീവിദ്യാഭാവമാണ്.

സാധനാപഥത്തിലെ അനുഷ്ഠാനങ്ങളിലേക്ക് പ്രവേശിക്കുന്ന സാധകർ വിധിപ്രകാരം ഔഷധസ്‌നാനം പൂർത്തിയാക്കി അണയാത്ത ഹോമാഗ്നിയുടെ സമീപത്ത് ഗുരുനിർദ്ദേശപ്രകാരമുള്ള സാധനയ്ക്ക് തുടക്കം കുറിക്കുന്നു.