“ചികിൽസിച്ച് രോഗം ഭേദമാക്കുന്നതിനേക്കാൾ മെച്ചം രോഗം വരാതെ നോക്കുക” എന്ന തത്വം പൊതുജനാരോഗ്യത്തിൻ്റെ അടിസ്ഥാനമായി അംഗീകരിച്ചിട്ടുണ്ട്. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി ധാരളം സാമ്പത്തിക പരിപാടികൾ ചെയ്തുവരുന്നു. ശ്രീയോഗ് സാധനാപഥവും പൊതുജനാരോഗ്യത്തിന് കൂടുതൽ ഊന്നൽ നൽകുന്നു.
മായം ചേർന്ന ഭക്ഷ്യവസ്തുക്കളും രാസവസ്തുക്കളാൽ നിർമ്മിതമായ മരുന്നുകൾകൊണ്ടുള്ള ചികിത്സാ മാർഗ്ഗങ്ങളും വർദ്ധിച്ചുവരുന്ന പ്രകൃതി മലിനീകരണവുംമൂലം മാനവരാശിയിൽ ഭൂരിഭാഗവും പലവിധ രോഗങ്ങൾക്ക് അടിമപ്പെട്ടുകൊണ്ടിരിക്കുന്നു. ആധുനിക ജീവിതശൈലി, ആഹാരരീതി, ചികിത്സാ മാർഗ്ഗങ്ങൾ എന്നിവയിലും പ്രകൃതിയിലും സംഭവിച്ചുകൊണ്ടിരിക്കുന്ന വൈകല്യങ്ങൾ പരിഹരിച്ച് മനുഷ്യൻ്റെയും പ്രകൃതിയുടെയും ശാശ്വതമായ നിലനിൽപ്പിനുള്ള മാർഗ്ഗങ്ങളാണ് പൊതുജനാരോഗ്യ പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പഞ്ചഭൂതശുദ്ധീകരണ പദ്ധതി എന്ന ഈ പദ്ധതിയുടെ പ്രധാന ലക്‌ഷ്യം എല്ലാവർക്കും സമ്പൂർണ്ണ ആരോഗ്യം എന്നതാണ്. “പഞ്ചഭൂത ശരീരസ്യ പഞ്ചഭൂതാനിചൗഷധൗ”
പഞ്ചഭൂത നിർമ്മിതമായ ശരീരത്തിന് പഞ്ചഭൂതം തന്നെ ഔഷധമെന്നാണ് ആചാര്യമതം. പഞ്ചഭൂതങ്ങൾ (വായു, ജലം, അഗ്നി, ആകാശം, ഭൂമി) ക്രമീകൃതവും വ്യവസ്ഥാപിതവുമായ നിലയിൽ സംഘടിച്ചിരിക്കുമ്പോൾ ശരീരം ആരോഗ്യാവസ്ഥയിൽ നിലനിൽക്കുന്നു. അവയിൽ ഏതെങ്കിലും ഒന്നിന് ഏറ്റക്കുറച്ചിൽ ഉണ്ടായാൽ സംഭവിക്കുന്ന അവസ്ഥയാണ് രോഗം. ആ ഏറ്റക്കുറച്ചിലുകൾ ഏതിനാണ്, എങ്ങനെയാണ് സംഭവിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കി അത് പരിഹരിക്കുമ്പോൾ രോഗശമനം ഉണ്ടാകുന്നു. ആയതിനാൽ വിഷമയമില്ലാത്ത ഭക്ഷ്യവസ്തുക്കളും ശുദ്ധമായ വായുവും ജലവും ആവശ്യാനുസരണം ജനങ്ങൾക് ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളായ ജൈവകൃഷി, ജലസംഭരണം, ഔഷധസസ്യപരിപാലനം എന്നിവ ഈ പദ്ധതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. സൗരോർജ്ജത്തെ യഥാവിധി ഉപയോഗപ്പെടുത്തുവാനുള്ള മാർഗ്ഗങ്ങളും (സൗരയോഗ്) ബീജാക്ഷര മന്ത്രജപധ്യാനത്തിലൂടെ (ശ്രീയോഗ്) ശാരീരികവും മാനസികവും ആദ്ധ്യാതിമികവുമായ ആരോഗ്യം നേടുന്നതിനുള്ള വഴികളും ഈ പദ്ധതിയുടെ ഭാഗമാണ്. കൂടാതെ യോഗക്കും യോഗചികിത്സക്കും കൂടുതൽ പ്രാധാന്യം നൽകി ആധുനിക ചികിത്സാ മാർഗ്ഗങ്ങളുടെ പാർശ്വഫലങ്ങളിൽനിന്നും ജനങ്ങളെ രക്ഷിക്കുന്നതിനും ഈ പദ്ധതി സഹായകമാകുന്നു. പഞ്ചഭൂത ശുദ്ധീകരണ പദ്ധതിയിലൂടെ മാനവരാശിയുടെ സമ്പൂർണ്ണ ആരോഗ്യം നിലനിർത്തുന്നതിനും അന്തരീക്ഷമലിനീകരണം തടഞ്ഞു പ്രകൃതിയുടെ സന്തുലിതാവസ്ഥ വീണ്ടെക്കുന്നതിനും കഴിയും.
പല കാരണങ്ങളാൽ മാനിസികാ നില തെറ്റി ദാരിദ്ര്യവും പട്ടിണിയും മൂലം അവശതയനുഭവിച്ചും അശരണരും നിരാലംബരും അനാഥരുമായി ജീവിതത്തിനുമുന്നിൽ പകച്ചു നിൽക്കുന്ന ഒരു വിഭാഗം മനുഷ്യർ ഇന്നും ഭാരതഭൂമിയുടെ നീറുന്ന കാഴ്ചയാണ്. ഈ വിഭാഗത്തിൻ്റെ സംരക്ഷണത്തിനും പുനരധിവാസത്തിനുമായി ഒരു റീട്രീറ്റ് & റീഹാബിലിറ്റേഷൻ സെന്റർ സ്ഥാപിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. മാനസികനിലതെറ്റി സ്വബോധം നഷ്ടപ്പെട്ട് തെരുവിൽ അലയുന്നവരെ മാനസികാരോഗാശുപത്രികളിൽ എത്തിച്ച് അവരുടെ ചികിത്സാ ചിലവുകൾ നടത്തുക, അനാഥരെയും നിരാലംബരെയും അന്നം, വസ്ത്രം, പാർപ്പിടം തുടങ്ങിയവ നൽകി സുരക്ഷിതമാക്കുക, ജീവിതമാർഗ്ഗത്തിനായി ചെറുകിട തൊഴിലവസരങ്ങൾ ഇവർക്കായി ഒരുക്കുക തുടങ്ങിയവ ഈ പദ്ധതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.