യോഗാനുശാസനവും ശ്രീവിദ്യാ സാധനയും ഒന്ന് ചേർന്ന് സാമാന്യ ജനങ്ങൾക്ക് ഉപയോഗപ്രദമായ ഒരു പദ്ധതിയാണ് ശ്രീയോഗ്. ആധികാരികമായ പതഞ്‌ജലി യോഗശാസ്ത്രവും സാമ്പ്രദായിക അനുഷ്ഠാനതന്ത്രവും കഴിയുന്നത്ര ലളിതവത്കരിച്ച പദ്ധതിയാണിത്. ആസ്തികന്മാർക്ക് ഉപാസനയ്ക്ക് ഏറെ അനുയോജ്യമായ ഈ സമ്പ്രദായം നാടൊട്ടുക്ക് പ്രചരിക്കുമ്പോൾ ഇന്ന് കാണുന്ന എല്ലാ വൈരുദ്ധ്യങ്ങളും അസന്തുഷ്ടിയും മാഞ്ഞുപോകും. വൈദികവിധിയും താന്ത്രികവിധിയും ഒന്നു തന്നെ. പൂർവ്വമീമാംസയിൽ നിന്ന് ഉത്തരമീമാംസയിലേക്ക് പ്രവേശിച്ചപ്പോൾ കർമ്മത്തിനെക്കാൾ ജ്ഞാനത്തിന് പ്രാധാന്യമേറി. കർമ്മ ജ്ഞാനങ്ങളുടെ സമ്യക് സമ്മേളനമാണ് ശ്രീയോഗ്.
പതഞ്‌ജലി യോഗമാർഗം
യോഗ എന്ന ശാസ്ത്ര ശാഖയിൽ ആദ്ധ്യാത്മിക പഠനത്തെപറ്റിയുള്ള എല്ലാ തത്വങ്ങളും അടങ്ങിയിരിക്കുന്നു. മനുഷ്യനിൽ അന്തർലീനമായിരിക്കുന്ന അനന്തവും അത്ഭുതകരവുമായ ശക്‌തിയും ചൈതന്യവും ഉണർത്തി വികസിപ്പിച്ച് അവനെ ഉത്കൃഷ്ടമായ ഒരു പന്ഥാവിൽ കൂടി പരിപൂർണ്ണതയിലേക്ക് ആനയിക്കുകയാണ് യോഗശാസ്ത്രങ്ങളുടെ ആത്യന്തിക ലക്ഷ്യം. ശ്രീ പരമേശ്വരൻ പതഞ്‌ജലി മഹർഷിക്ക് ഉപദേശിച്ചതെന്നു കരുതപ്പെടുന്ന യോഗാനുശാസനം ഗോരക്ഷകൻ, മത്സ്യേന്ദ്രൻ എന്നീ മഹർഷിമാരിലൂടെ മനുഷ്യൻ വശമാക്കി. സ്വാത്മാരാമയോഗികളാണ് ഇതിൻ്റെ പ്രചാരകരെന്നും കാണുന്നു. അനേകം നിരീക്ഷണ പരീക്ഷണങ്ങളിലൂടെ തലമുറകളായി വളർത്തിക്കൊണ്ടു വന്ന അമൂല്യമായ ഈ വ്യായാമ മുറയിൽ എട്ട് അംഗങ്ങളുണ്ട്. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി ഇവയാണ് എട്ട് അംഗങ്ങൾ. യമനിയമങ്ങൾ സകല മനുഷ്യരും അറിയേണ്ടതും അനുസരിക്കേണ്ടതുമാകുന്നു. യമനിയമങ്ങളിൽ അധിഷ്ഠിതമായ വ്യക്തിജീവിതമാണ് ലോകശാന്തിയുടെ അസ്ഥിവാരം.
ഭക്തിയോഗം, കർമ്മയോഗം, ജ്ഞാനയോഗം, രാജയോഗം എന്നിങ്ങനെ യോഗശാസ്ത്രത്തെ മുഖ്യമായും നാലായി വിഭജിച്ചിരിക്കുന്നു. ഈ നാലു യോഗങ്ങൾക്ക് പുറമെ ഹഠയോഗം, കുണ്ഡലിനീയോഗം, തന്ത്രയോഗം, മന്ത്രയോഗം ജപയോഗം തുടങ്ങിയ മറ്റനേകം യോഗങ്ങളുമുണ്ട്.
ഹഠയോഗം
ഹഠയോഗി സാധന തുടങ്ങുന്നത് ശരീരത്തെ കൊണ്ടും പ്രാണനെക്കൊണ്ടുമാണ്. ‘ഹ’ കാരം സൂര്യനെയും ‘ഠ’ കാരം ചന്ദ്രനെയും കുറിക്കുന്നു. ഇവിടെ സൂര്യനെന്നാൽ പ്രാണനെന്നും ചന്ദ്രനെന്നാൽ അപാനനെന്നുമാണർത്ഥം. വലത്തേ നാസാരന്ധ്രത്തിലൂടെ സൂര്യനാഡിയും ഇടത്തേ നാസാരന്ധ്രത്തിലൂടെ ചന്ദ്രനാഡിയുമാണ് പ്രവർത്തിക്കുന്നത്. പ്രാണാപാനന്മാർ ഒന്നിച്ച് ഒന്നാവലാണ് ഹഠയോഗം. ഉന്നതമായ രാജയോഗാവസ്ഥയിലേക്ക് ഉയരാൻ ആഗ്രഹിക്കുന്നവർക്ക് ഒരു കോണിപ്പടിപോലെ സഹായിക്കുന്നതാണ് ഈ മാർഗ്ഗം. നല്ല ആരോഗ്യത്തിനും ദീർഘായുസ്സിനും ഉപകരിക്കുന്ന ഹഠയോഗം ദഹനത്തെയും രക്തചംക്രമണത്തെയും ഉത്തേജിപ്പിക്കുന്നു. എല്ലാവിധ രോഗങ്ങളെയും അകറ്റി ഉയർന്ന തരത്തിലുള്ള ഓജസ്സും വീര്യവും ഹഠയോഗിക്കു സിദ്ധിക്കാവുന്നതാണ്.
ഭാരതീയ തന്ത്രശാസ്ത്രം
ഹിന്ദു മതതത്വശാസ്ത്രങ്ങളെ പ്രധാനമായി നാലായിട്ടാണ് തരം തിരിച്ചിരിക്കുന്നത്. ശ്രുതി, സ്‌മൃതി, പുരാണം, തന്ത്രം എന്നിവയാണവ. ഈ ശാസ്ത്രങ്ങൾ എല്ലാം തന്നെ ഓരോ യുഗത്തിലും ജീവിച്ചിരിക്കുന്ന മനുഷ്യരുടെ സാർവ്വത്രികമായ ആവശ്യങ്ങൾ നിറവേറ്റാനുള്ളവയായിരുന്നു. ശ്രുതി സത്യയുഗത്തിലും, സ്‌മൃതി ത്രേതാ യുഗത്തിലും പുരാണം ദ്വാപരയുഗത്തിലും തന്ത്ര ശാസ്ത്രം കലിയുഗത്തിലും ആചരിക്കപ്പെടേണ്ടവയാണ്. കലിയുഗാവസാനത്തിൽ തന്ത്ര ശാസ്ത്രത്തിനു ശാഖോപശാഖകൾ ഉണ്ടാകുമെന്നും ശാസ്ത്രത്തിൽ വിധിയുണ്ട്. ഈ നാല് ശാസ്ത്രങ്ങളുടെയും ദൃഷ്ടാക്കൾ ഋഷിവര്യന്മാരാണ്. കലിയുഗത്തിന്റെ അന്തസത്ത ശരിക്കും അപഗ്രഥിച്ചു തന്നെയാണ് ഋഷിവര്യന്മാർ തന്ത്രശാസ്ത്രം രൂപകൽപന ചെയ്തിരിക്കുന്നത്. ആദ്ധ്യാത്മിക നഭസ്സിൽ ഒരു പുതിയ ചക്രവാളം തുറക്കുകയായിരുന്നു അവരുടെ ലക്ഷ്യം. മനുഷ്യ രാശിയുടെ ഉള്ളിലുറങ്ങുന്ന ശക്തി സ്രോതസ്സിനെ ലളിതങ്ങളായ ഉപാസനയിലൂടെ ഉണർത്തി ജീവാത്മാവും പരമാത്മാവും തമ്മിൽ വിലയം പ്രാപിക്കാൻ കഴിയുമെന്ന് തന്ത്ര ശാസ്ത്രം വെളിപ്പെടുത്തുന്നു.
ശിവപർവ്വതിമാർ മനുഷ്യരാശിക്കായി നിർമ്മിച്ചു നൽകിയതത്രേ തന്ത്രശാസ്ത്രം. തന്ത്രശാസ്ത്രം തന്നെ രണ്ടു വിധമുണ്ട്.ആഗമതന്ത്രവും നിഗമതന്ത്രവും. ശിവപാർവതിമാരുടെ സംഭാഷണ രീതിയിലാണ് തന്ത്ര ശാസ്ത്രത്തിൻ്റെ അതീവ രഹസ്യതലങ്ങൾ ഇതൾ വിടർത്തുന്നത്. സാക്ഷാൽ ശ്രീ പരമേശ്വരൻ പാർവതി ദേവിയുടെ സംശയനിവാരണത്തിനായി ഉപദേശിച്ച 64 തന്ത്രങ്ങളാണ് തന്ത്രശാസ്ത്രം. തന്ത്രശാസ്ത്രം പോലെ മഹത്തായ ഒരു ശാസ്ത്രവുമില്ലന്ന് ശ്രീ പരമേശ്വരൻ താന്നെ വ്യക്‌തമാക്കുന്നു. ശ്രീ പാർവതി ദേവി ശ്രീ പരമേശ്വരന് ഉപദേശിച്ച ഒരു തന്ത്രമുണ്ട്. 65 – ആമത്തെ തന്ത്രമെന്ന് ഋഷിവൃന്ദം വാഴ്ത്തപ്പെടുന്ന ശ്രേഷ്ഠമായ തന്ത്രമാണ് ‘ശ്രീവിദ്യോപാസന’. കലിയുഗത്തിലെ മനുഷ്യരുടെ മോചനത്തിന് ശ്രീവിദ്യോപാസനയല്ലാതെ മറ്റൊന്നുമില്ലെന്ന് ദേവി പ്രത്യേകം നിർദ്ദേശിക്കുന്നു. മന്ത്ര, യന്ത്ര, തന്ത്ര സംയുക്തമായ ശ്രീവിദ്യോപാസന കൊണ്ട് എല്ലാ തിന്മകൾക്കും മോചനമുണ്ടാകുമെന്നു ദേവി നമ്മെ ഉദ്ബോധിപ്പിക്കുന്നു.
ബീജമന്ത്രങ്ങൾ, രേഖാങ്കഗണിതമടങ്ങിയ യന്ത്രം, ഉപാധികളായ തന്ത്രം എന്നിവ ചേർന്നതാണ് തന്ത്ര ശാസ്ത്രം.തന്ത്ര ശാസ്ത്രത്തിൻ്റെ പരിശീലനത്തിനും അനുഷ്ഠാനത്തിനും ജാതിമതലിംഗ വ്യത്യാസമില്ലാതെയെല്ലാവർക്കും അവകാശമുണ്ട്. തന്ത്ര ശാസ്ത്രത്തിൽ പ്രധാനമായും മൂന്ന് ഉപാസനാമാർഗ്ഗങ്ങൾ പറഞ്ഞിരിക്കുന്നു. അവ ഭൗതികം, മാനസികം, വാചികം ഇവയാണ്. ആദ്ധ്യാത്മികം, ആദിഭൗതികം, ആദിദൈവികം എന്നിവ മൂലം ഉണ്ടാകുന്ന ദുഃഖങ്ങളുടെ ആഘാതങ്ങളിൽ നിന്നും പൂർണ്ണ മോചനം നേടുന്നതിനുള്ള മാർഗ്ഗമാണ് തന്ത്രാനുഷ്ഠാനത്തിൽ പ്രതിപാദിച്ചിട്ടുള്ളത്.
മേൽ വിവരിച്ചിരിക്കുന്ന പതഞ്ജലിയോഗമാർഗ്ഗവും ശ്രീവിദ്യാ സാധനയും സമന്വയിപ്പിച്ചുള്ള യോഗ പദ്ധതിയാണ് ശ്രീയോഗ്. ഈ യോഗ പദ്ധതിയിലൂടെ സാധകൻ ഒരതിരുവരെ ഹഠയോഗം പ്രയോജനപ്പെടുത്തി സാധകനിൽ ഗൂഢമായി വർത്തിക്കുന്ന ഊർജ്ജത്തെ (കുണ്ഡലിനി ശക്തിയെ) തന്ത്ര യോഗയിലൂടെ ഉണർത്തി സൂഷ്മ മാർഗ്ഗത്തിലൂടെ പരമശിവപക്കൽ എത്തിച്ച് ലയം സാധിക്കലാണ് ചെയുന്നത്.
ശ്രീയോഗ് പരിശീലനം പൂർത്തിയായവർക്ക് ഉപരി പഠന വിഷയമായി ശ്രീവിദ്യാദീക്ഷയിലേക്ക് പ്രവേശിക്കാവുന്നതാണ്. തന്ത്ര ശാസ്ത്രത്തിൻ്റെ പരമോന്നത സ്ഥാനം അലങ്കരിക്കുന്നത് ശ്രീവിദ്യാ സമ്പ്രദായമാണ്. ഇത് കൗളം, സമയം, മിശ്രം എന്നീ രീതിയിലുണ്ട്. ശ്രീയോഗ് സാധനാപഥത്തിൽ മിശ്രമാർഗ്ഗമാണ് അനുവർത്തിക്കുന്നത്. ഇതിന്റെ പ്രാരംഭമായി ദീക്ഷ നൽകുന്നു.
ദിവ്യമായ ജ്ഞാനം സിദ്ധിക്കലാണ് ദീക്ഷ. ഗുരു തൻ്റെ ആത്മശക്തി ശിഷ്യനിലേക്ക് പകർന്നു നൽകി ശിഷ്യൻ്റെ സകല പാപങ്ങളെയും നശിപ്പിച്ച് ദിവ്യമായ ജ്ഞാനം പ്രദാനം ചെയ്ത് മുക്തനാക്കുന്നതായ വിധിയെയാണ് ദീക്ഷാ ശബ്ദം കൊണ്ട് ഉദ്ദേശിക്കുന്നത്. ദീക്ഷ നല്കപ്പെടുന്നതിനും ദീക്ഷ സ്വീകരിക്കുന്നതിനുമുള്ളതായ അധികാരം, യോഗ്യത എന്നിവ ജാതി വ്യവസ്ഥ, വർണ്ണ സമ്പ്രദായം എന്നിവക്കധീനമല്ല എന്ന് കുലാർണവ തന്ത്രം സ്ഥാപിക്കുന്നു.
ദീക്ഷ സംസ്കാരമാണ്. ആ സംസ്കാരം സിദ്ധിച്ച് കഴിഞ്ഞാൽ ജാതിഭേദമോ, വർണ്ണ വ്യത്യാസമോ, ധനസ്ഥിതിയോ ബാധകമല്ല. അതുപോലെതന്നെ ദീക്ഷ നൽകപെടേണ്ടതും വർണ്ണ വ്യവസ്ഥ നോക്കിയല്ല. സ്വീകർത്താവിൻ്റെ
സംസകാരമാണെന്നും വ്യക്തമാക്കുന്നു. അതായത് ഉത്തമ വർഗ്ഗത്തിൽ ജനിച്ചു എന്ന കാരണത്താൽ മാത്രം ദീക്ഷക്കർഹത ലഭിക്കില്ല. പ്രത്യുത വ്യക്തിയുടെ ആത്മീയ സംസ്കാരമാണ് ദീക്ഷ സ്വീകരിക്കാനും നല്കപ്പെടാനുമുള്ള മാനദണ്ഡം.
പൂർവ്വജന്മങ്ങളിൽ അനുഷ്ഠിച്ചിരുന്നതായ സാധനകളുടെ തുടർച്ചയായിട്ടാണ് ഈ ജന്മത്തിലും ആവർത്തിക്കുന്നത്. ഗുരു ലബ്ദിയും അതിനുനനുസരണമായിതന്നെയായിരിക്കും.