ശ്രീവിദ്യാ സമ്പ്രദായത്തിൽ പ്രചോദിതരായ ഒരു കൂട്ടം സാധകരുടെ ആത്മജ്യോതിസ്സിൽ വിടർന്ന ആദ്ധ്യാത്മിക സാമൂഹിക പദ്ധതികളുടെ പൂർത്തീകരണത്തിനുള്ള സ്ഥൂലദേഹമായി 2005 മെയ് മാസം 30 – ആം തീയതി ശ്രീ യോഗ് സാധനാപഥം നിലവിൽ വന്നു. ഋഷിപ്രോക്താക്കളായ വിജ്ഞാനശാഖകളുടെ പഠന മനന ഗവേഷണങ്ങളും പ്രചാരവുമാണ് ലക്ഷ്യം. ഇതിൽ ‘യോഗ’ക്കാണ് പ്രാധാന്യം നൽകുന്നത്. ബ്രഹ്മതത്വത്തിൻ്റെ ശാസ്ത്രങ്ങളിൽ പ്രധാനമായ ഒന്നാണ് ‘യോഗം’. സാംഖ്യം, യോഗം, ന്യായം, വൈശേഷികം, പൂർവ്വമീമാംസ, ഉത്തരമീമാംസ (വേദാന്തം) ഇവയാണ് ഷഡ്ദർശനങ്ങൾ. ഇതിൽ യോഗത്തെ സംബന്ധിച്ച സൂത്രങ്ങൾ പതഞ്‌ജലി മഹർഷി നിർമ്മിച്ചതാണ്. മനുഷ്യാത്മാവിനെ മറയ്ക്കുന്ന ആവരണങ്ങൾ ഇല്ലാതാക്കി സമഷ്‌ടിയുടെ ആത്മാവിൽ (പരബ്രഹ്മത്തിൽ) ചേർന്ന് ഒന്നാവുക എന്നതാണ് യോഗം. ജീവാത്മാ – പരമാത്മ സംയോജനം ആണത്. ‘ യോഗശ്ചിത്ത വൃത്തിനിരോധ: ‘ എന്നാണു സൂത്രം. ഇന്ദ്രിയങ്ങളുടെ പ്രേരണയാൽ ഉണ്ടാവുന്ന ചിത്തവൃത്തിയെ മനോവ്യാപാരങ്ങളെ – ക്രമേണ ബഹിഷ്ക്കരിച്ച് മനസ്സിൻ്റെ ശുദ്ധമായ സത്യം നിലനിർത്തുക എന്ന് അർത്ഥം. മനസ്സിൻ്റെ സമനില ഏതവസ്ഥയിലും നിലനിർത്തുക എന്നതാണ് പ്രായോഗികതലത്തിൽ യോഗത്തിന് അർത്ഥം.
ഇതോടൊപ്പം തന്നെ യോഗയിലേക്ക് പ്രവേശിക്കുന്ന ഏതൊരാളെയും അവരുടെ ശരീരത്തിൻ്റെ ആന്തരികവും ബാഹ്യവുമായ തകരാറുകൾ മനസിലാക്കി മരുന്നുകളില്ലാതെ പ്രാണഗതിയും രക്തപ്രവാഹവും സന്തുലിതമാക്കുന്ന യോഗചികിത്സയിലൂടെ ആരോഗ്യദൃഢഗാത്രരാക്കി യോഗ്യരാക്കി കുലധർമ്മം ചെയ്യാൻ പ്രാപ്തരാക്കുകയാണിവിടെ. ശ്രീവിദ്യാധിഷ്ഠിതമായ ഒരു സാധനാബോധം സമൂഹത്തിൽ വളർത്തിയെടുക്കുക എന്നതും പുരോഹിതകർമ്മങ്ങളിൽ യോഗ്യരും തല്പരരുമായവർക്ക് ജാതിമതലിംഗഭേദമന്യേ പരിശീലനം നൽകി ജ്ഞാനികളായ ഒരു നവപുരോഹിതവർഗ്ഗത്തെ സൃഷ്ടിച്ചു സമൂഹത്തിനു നൽകുക എന്നതും പ്രഥമ കർത്തവ്യമായി കരുതുന്നു. അഗാധപാണ്ഡിത്യം കൊണ്ട് ഭാരതത്തിലെ മുഴുവൻ ആരാധനാ സമ്പ്രദായങ്ങളുടെയും ആധികാരികതയും ആചാര്യത്വവും നേടിയെടുത്ത് ‘സർവ്വസാധാകാചാര്യ’ പദവിയിലേക്കുയർന്ന ‘പരാഭട്ടാരക യോഗീശാനന്ദനാഥൻ’ അഥവാ നീലകണ്‌ഠ മഹാദേവ ജോഷി എന്ന തഞ്ചാവൂർ ബ്രാഹ്മണ പരമ്പരയിലെ അതികായൻ്റെ ശിഷ്യ പരമ്പര വളർന്ന് വളർന്ന് ഇങ്ങേയറ്റത്ത് പരാഭട്ടാരക ഗംഗനന്ദനാഥൻ്റെയും ധീരാനന്ദനാഥൻ്റെയും ആചാര്യത്വത്തിൽ തിരുവിതാംകൂറിൻ്റെയും മലബാറിൻ്റെയും താന്ത്രിക മണ്ഡലത്തിൽ ആധികാരികത അവകാശപ്പെടാൻ പ്രാപ്തി നേടിയിരിക്കുന്നു.
എല്ലാ ഞായറാഴ്ച്ചകളിലും വിവിധ ബാച്ചുകളിലായി തന്ത്ര – ശാസ്ത്ര ക്ലാസ്സുകൾ നടത്തിവരുന്നു . യോഗ, യോഗചികിത്സ, ഭക്തിയോഗം, കർമ്മയോഗം, ജ്ഞാനയോഗം, മന്ത്രയോഗം, ലയയോഗം, ജപയോഗം, ശ്രീചക്രഘടന, പ്രപഞ്ചഘടന, സൂഷ്മശരീരഘടന, ഷഡ് ചക്ര നിരൂപണം, പഞ്ചഭൂത തത്ത്വങ്ങൾ, കുണ്ഡലിനിയോഗം, തന്ത്രമന്ത്രയന്ത്ര വിധാനങ്ങളുടെ ശാസ്ത്രീയത എന്നീ ഉപരിവിഷയങ്ങളിലാണ് താന്ത്രിക ക്ലാസ്സുകൾ ചിട്ടപ്പെടുത്തിട്ടുള്ളത്. പ്രാഥമിക സാധനാക്രമങ്ങൾ പൂർത്തിയാക്കിയ യോഗ്യരായ സാധകർക്ക് ശ്രീവിദ്യാ സമ്പ്രദായത്തിൽ പ്രാഥമികദീക്ഷ നൽകി വരുന്നു. തുടർന്ന് പരീക്ഷണ നിരീക്ഷണങ്ങൾക്ക് ശേഷം യോഗ്യരും വിധേയരും അതിസമർത്ഥരുമായവർക്ക് ഉപരിദീക്ഷകൾ പ്രാപ്യമാകുന്നു.
ഇപ്പോൾ ‘സൗരയോഗ്’ എന്ന പേരിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സൂര്യോപാസനയിൽ അധിഷ്ഠിതമായ ഒരു പരിശീലന പദ്ധതിയും സാധനാപഥത്തിൽ തുടങ്ങിയിട്ടുണ്ട്. ബാലസൂര്യദർശനവും, ചതുർവേദ ആദിത്യ നമസ്കാരവും ഉൾപ്പെടുന്ന ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവരുടെ സ്ഥൂല സൂക്ഷ്മ ശരീരങ്ങൾ സൂര്യതേജസ്സിൻ്റെ ആഗിരണത്താൽ തേജസ്സുറ്റതും കരുത്തുറ്റതുമായി തീരുന്നുവെന്ന് അനുഭവങ്ങൾ സാക്ഷ്യപെടുത്തുന്നുണ്ട്. ഇതോടൊപ്പം ഉദയാസ്തമയ വേളകളിൽ അഗ്നിഹോത്രവും ചെയ്യുന്നു. അണുജന്യമായ രോഗങ്ങളിൽ നിന്നും മുക്തിനേടാൻ ഇത് സഹായകമാണ്.
വർഷംതോറും നടത്തിവരുന്ന വിചാരസത്രങ്ങളിലൂടെ ആധ്യാത്മിക മണ്ഡലത്തിൽ ശ്രീ യോഗ് സാധനാപഥം ഒരു നവോത്ഥാനത്തിനു തുടക്കം കുറിച്ചിരിക്കുന്നു. യോഗയുടെ ബേസിക്ക് കോഴ്സ്, അഡ്വാൻസ്‌ഡ് കോഴ്സ്, യൂണിവേഴ്സിറ്റി കോഴ്‌സുകളായ റ്റി.റ്റി.സി, ബി എസ് സി, എം എസ് സി (യോഗ), ഡിപ്ലോമ ഇൻ യോഗാ തെറാപ്പി, തന്ത്രയോഗാ സാധന തുടങ്ങിയവ ചെയ്തുവരുന്ന ധാരാളം സാധകർ ഇന്ന് ശ്രീ യോഗ് സാധനാപഥത്തിന് മുതൽക്കൂട്ടായിട്ടുണ്ട്. മഹാമനീഷികളായ ഋഷീശ്വരന്മാർ നമ്മെ ഏല്പിച്ച ഭാരതീയ സംസ്കാരത്തിൻ്റെ ഹിരണ്മയപാത്രം സംരക്ഷിക്കുക എന്ന ദൗത്യനിർവഹണത്തിൽ കണ്ണിയാകുവാൻ ദൈവനിയോഗമുണ്ടെങ്കിൽ നിങ്ങൾക്കും ഞങ്ങളോടൊപ്പം സാധനാപഥത്തിൽ സഞ്ചരിക്കാം.
ട്രസ്റ്റിൻ്റെ ഉദ്ദേശലക്ഷ്യങ്ങൾ
ഭാരതീയ ആചാരാനുഷ്ഠാനങ്ങൾക്കും സാംസ്കാരിക പാരമ്പര്യത്തിനും പ്രാധാന്യം നൽകികൊണ്ട് തന്ത്രശാസ്ത്രം, യോഗശാസ്ത്രം, വേദാഗമങ്ങൾ, ഭാരതീയ ചികിത്സാ മാർഗ്ഗങ്ങൾ, ആയുർവ്വേദം, ജ്യോതിഷം, മീമാംസ തുടങ്ങിയവക്ക് പ്രാധാന്യം നൽകി പ്രചരിപ്പിക്കുകയും പ്രസ്തുത വിഷയങ്ങളെ നേരായ രീതിയിൽ പുനരുജ്ജീവിപ്പിക്കുകയും ചെയുക. തന്ത്രശാസ്ത്രത്തെ ആധുനിക ജൈവരസതന്ത്രവുമായി (ബയോകെമിസ്ട്രി) ബന്ധിപ്പിച് ജീവിതശൈലീരോഗങ്ങൾക്ക് ശാശ്വതപരിഹാരം കാണാനുള്ള ഗവേഷണത്തിനായി സഹിതാ അക്കാഡമി & റിസർച് സെന്റർ സ്ഥാപിക്കുക. ധർമ്മാശുപത്രികൾ സ്ഥാപിച്ച് പാവപ്പെട്ടവർക് ചികിത്സാ സഹായങ്ങൾ നൽകുക. ശാരീരികവും – മാനസികവുമായ വൈകല്യമുള്ള, പ്രത്യേകിച്ച് പട്ടികജാതി – പട്ടികവർഗ്ഗ വിഭാഗത്തിലെ വിദ്യാർത്ഥികൾക്കും വ്യക്തികൾക്കും സാമ്പത്തികമായും മറ്റു രീതിയിലും സഹായങ്ങൾ നൽകുക. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ജാതി-മത വ്യത്യാസമില്ലാതെ സാമൂഹിക സേവനവും വിദ്യാഭ്യാസ സേവനവും നടത്തുക. ശിശു പരിപാലന കേന്ദ്രങ്ങൾ, വൃദ്ധ സദനങ്ങൾ, അനാഥാലയങ്ങൾ, പുനരധിവാസകേന്ദ്രങ്ങൾ തുടങ്ങിയവ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും വൈകല്യം അനുഭവിക്കുന്നവർക്കുമായി സ്ഥാപിക്കുക.
സംസ്‌കൃത വിദ്യാഭ്യാസത്തിനും സാഹിത്യത്തിനും പ്രാധാന്യം നൽകി ഈ വിഷയത്തിൽ ഉന്നതവിദ്യാഭ്യാസം ചെയുന്ന വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് ഏർപ്പെടുത്തുക. സമൂഹത്തിൻ്റെ ഉന്നതിക്കുവേണ്ടി യോഗാ ക്ലാസ്സുകളും ധ്യാന ക്ലാസ്സുകളും സൗജന്യമായി നടത്തുക. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ബോധവൽക്കരണം നടത്തി ഔഷധ സസ്യങ്ങൾ വളർത്തുകയും സംരക്ഷിക്കുകയും ചെയുക. പ്രകൃതി ദുരന്തങ്ങളായ വെള്ളപൊക്കം, കാട്ടുതീ, ഭൂമി കുലുക്കം, ക്ഷാമം ഇവ മൂലംദുരിതം അനുഭവിക്കുന്നവർക്ക് സാമ്പത്തികമായും മറ്റു രീതിയിലുമുള്ള സഹായങ്ങൾ നൽകുക. ഇങ്ങനെയുള്ള പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ സർക്കാരിനോ സംഭാവന നൽകുക.
വായനാശീലം വളർത്തുന്നതിനായി വായനശാലകൾ തുറക്കുക, ഗ്രന്ഥശേഖരണം നടത്തുക. ഭാരതീയ സംസ്കാരത്തെയും പാരമ്പര്യത്തെയും കുറിച്ചുള്ള ബുക്കുകൾ, നോട്ടീസുകൾ, സർക്കുലറുകൾ തുടങ്ങിയവ പ്രിൻറ് ചെയ്ത പ്രസിദ്ധീകരിക്കുക. സമൂഹ നന്മക്ക് ഉതകുന്ന വിഷയങ്ങളെ കുറിച്ച് സെമിനാറുകൾ സംഘടിപ്പിക്കുക. ഈ വിഷയങ്ങളെക്കുറിച്ചുള്ള ഡോക്യുമെൻ്ററികൾ, ഷോർട്ട് ഫിലിംസ് എന്നിവ വിഷ്വൽ മീഡിയകളിൽകൂടി പ്രചരിപ്പിക്കുക. വേദാന്തം, ഐ ടി, സംഗീതം, ശാസ്ത്രീയ നൃത്തം, ധ്യാനം, ആരോഗ്യം, ശ്രീയോഗ്, ബയോകെമിസ്ട്രി തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള ഗ്രന്ഥങ്ങൾ കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ അനുവാദത്തോടു കൂടി പ്രസിദ്ധീകരിക്കുക. സി.ഡി, വി.സി.ഡി മുതലായവ നിർമ്മിക്കുന്നതിനുള്ള പബ്ലിഷിംഗ് ഹൗസ് സ്ഥാപിക്കുക. സനാതന ധർമ്മത്തെയും മൂല്യത്തെയും കുറിച്ച് പ്രചരിപ്പിക്കുന്നതിനായി ടി.വി ചാനൽ തുടങ്ങുക. ചരിത്ര പ്രാധാന്യമുള്ള സിനിമകൾ നിർമ്മിക്കുക.